കാനഡയിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് അവിടത്തെ സർക്കാർ നൽകുന്ന ഏറ്റവും മികച്ച സേവനങ്ങളിൽ ഒന്ന് പഠനശേഷം നൽകുന്ന വർക്ക് പെർമിറ്റ് ആണ്.
പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് എന്നറിയപ്പെടുന്ന ഈ പെർമിറ്റിനാണ് പുതിയ മാനദണ്ഡങ്ങൾ ബാധകമാകുന്നത്.
നിരവധി വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം കുറവുള്ളതുകൊണ്ട് ജോലികൾക്കും മറ്റു കാര്യങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നത് വ്യാപകമായതിനെ തുടർന്നാണ് പുതിയ മാനദണ്ഡങ്ങളുടെ പട്ടിക കനേഡിയൻ സർക്കാർ പുറത്തിറക്കിയത്.
2024 നവംബർ ഒന്നാം തീയതി മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഇനി അങ്ങോട്ട് പുതിയതായി കോഴ്സുകൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ മാർക്കിന്റെ ഏകദേശം തുല്യമായ മാർക്ക് പഠനശേഷം വർക്ക് പെർമിറ്റിന് അപ്ലൈ ചെയ്യുന്ന സമയത്ത് വീണ്ടും എഴുതി കഴിവ് തെളിയിക്കണം.
ഇത് കാനഡയിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യേണ്ടിവരും എന്നതാണ് വ്യാജ ഇംഗ്ലീഷ് പ്രാവീണ്യ സർട്ടിഫിക്കറ്റുകളും ആയി എത്തുന്ന ആളുകളെ കുടുക്കുക.
ഇത്തരത്തിൽ രണ്ടാമത്തെ ഭാഷാ പ്രവീണ്യ പരീക്ഷ എഴുതി വിജയിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് തിരിച്ചു നാട്ടിലേക്ക് വരേണ്ടി വരും.
ഇതു കൂടാതെ, ഭൂരിഭാഗം കുട്ടികളോടും ബാച്ചിലേഴ്സ് അല്ലെങ്കിൽ മാസ്റ്റേഴ്സ് കോഴ്സുകൾ എടുക്കാനാണ് കനേഡിയൻ സർക്കാർ ആവശ്യപ്പെടുന്നത്. ഡിപ്ലോമ കോഴ്സുകളിൽ വലിയൊരു ശതമാനം കോഴ്സുകൾക്കും ജോലി സാധ്യത വളരെ കുറവായതിനാലാണ് ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.
ഇതിനാൽ തന്നെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമകളോ കോളേജ് സർട്ടിഫിക്കറ്റ് ഡിപ്ലോമകളോ എടുക്കുന്നവർ സയൻസ് ആൻഡ് ടെക്നോളജി മേഖലയിലോ ഹെൽത്ത് കെയർ മേഖലയിലെ അടിസ്ഥാന ലേബർ ഷോർട്ടേജ് ഉള്ള മേഖലയിലോ ഉള്ള വിഷയങ്ങളിൽ തന്നെ കോഴ്‌സ് എടുക്കണം.
നിലവിൽ കാനഡയിൽ ഉള്ള പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും, പഠനം പൂർത്തിയാക്കി ജോലികൾ അന്വേഷിക്കുന്നവർക്കും, ഇനി പോകാൻ ഇരിക്കുന്ന വിദ്യാർത്ഥികൾക്കും പുതിയ നയങ്ങൾ വളരെയധികം സഹായകരമാവും എന്നത് ഉറപ്പാണ്.